തിരുവനന്തപുരം: നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് ശക്തനായ നേതാവാണെന്ന മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുമ്മനം രാജശേഖരന് രംഗത്ത്. കെ. മുരളീധരന് തനിക്ക് കരുത്തനായ എതിരാളിയല്ലെന്ന് കുമ്മനം മറുപടി നല്കി.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാസരിക്കുകയായിരുന്നു അദ്ദേഹം. കെ മുരളീധരന് കരുത്തനാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെയെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. മുരളീധരന് കെ കരുണാകരന്റെ മകനാണ്. ശക്തമായ രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാല്‍ പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും കഴിഞ്ഞ ദിവസം രാജഗോപാല്‍ പറഞ്ഞിരുന്നു.
തനിക്ക് നേമത്ത് കിട്ടിയ വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടി നല്‍കുകയായിരുന്നു കുമ്മനം രാജശേഖരന്. ‘പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഒരു തരത്തിലും മുരളീധരന്റെ കടന്നുവരവ് ബാധിക്കില്ല. നേമം മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരൊന്നും മോശക്കാരായിരുന്നില്ല. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ ഒരു തെരഞ്ഞെടുപ്പിലും കുറഞ്ഞിട്ടില്ല.
രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും എല്ലാവരും കൂടി തലപുകഞ്ഞ് ആലോചിച്ച് ഉണ്ടാക്കിയതാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ. അത് ബിജെപിയെ തോല്‍പ്പിക്കാനാണല്ലോ. അവിശുദ്ധ കൂട്ടുകെട്ടുകളൊന്നും നടക്കില്ല. കരുത്ത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അത്ര കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ചിട്ട് മത്സരിക്കട്ടെ. ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ അതല്ലേ വേണ്ടത്. അപ്പോള്‍ അദ്ദേഹത്തിന് സംശയമുണ്ട്,’ കുമ്മനം പറഞ്ഞു.
വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നതെന്നും കുമ്മനം പറഞ്ഞു. ഗുജറാത്തില്‍ വികസനമുണ്ട്. അതുകൊണ്ടാണ് നേമത്തെ ഗുജറാത്ത് മോഡല്‍ എന്ന് വിളിച്ചതെന്നും കുമ്മനം പറഞ്ഞു.