ചവറ: മതിയായ സൗകര്യമൊരുക്കാതെ കൊടുംചൂടില്‍ ലോറിയില്‍ ദേശീയപാതയിലൂടെ കൊണ്ടുവന്ന നാലു കുതിരകളില്‍ ഒന്നു ചത്തു. കൊടുംചൂട് സഹിക്കാനാവാതെയാണ് കുതിര ഒന്ന് ചത്തത്. മറ്റുള്ളവയെ അവശനിലയില്‍ കണ്ടെത്തി.
മൈസൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്നതിനിടെ ഇന്നലെ രാവിലെ 11നു ചവറയില്‍ എത്തിയപ്പോഴാണ്, കുതിരകളുടെ കരച്ചില് കേട്ടു നാട്ടുകാര്‍ ലോറി തടഞ്ഞത്. ഒരു കുതിര ലോറിയില്‍ നിന്നു പുറത്തേക്കു വീഴാവുന്ന നിലയിലായിരുന്നു. വാഹനം നിര്‍ത്തിയ ഉടന്‍ ഡ്രൈവറും സഹായിയും കടന്നുകളയുകയും ചെയ്തു.
ഇതോടെ ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടു. ശേഷം, പോലീസ് എത്തിയാണു ലോറി മാറ്റിയത്. എന്നാല്‍ കുതിരകളെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയാതിരുന്നതോടെ പോലീസും വലഞ്ഞു. കുതിരയെ പരിപാലിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഓച്ചിറ സ്വദേശി നൗഫല്‍ എത്തിയാണു കുതിരകളെ പുറത്തിറക്കിയത്. ഇവയുടെ ശരീരത്തില്‍ മുറിവുകളുമുണ്ട്.