തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതടക്കമുള്ള തിരിക്കിട്ട ജോലികളിലാണ് വിവിധ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. അതിനിടെ നേമത്തെയും പുതുപ്പള്ളിയിലെയും കൊല്ലത്തേയും അന്തിമ ചിത്രങ്ങള്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കില്ലെന്ന് ശനിയാഴ്ച രാത്രിയോടെ വ്യക്തമായതാണ്. അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. മുരളീധരനെ ഹൈക്കമാന്‍ഡ് ഇന്ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം, കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വലിയ തരത്തിലുള്ള പ്രശ്നങ്ങള്‍ നടന്നിരുന്നു. ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പരസ്യമായിത്തന്നെ രംഗത്തുവരികയും ചെയ്തിരുന്നു. കൊല്ലത്ത് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പ് ലഭിച്ചതായി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് മുതല്‍ ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ കെ.ബാബു തന്നെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വട്ടിയൂര്‍ക്കാവില്‍ കെ.പി അനില്‍കുമാറും കുണ്ടറയില്‍ പി.സി വിഷ്ണുനാഥും മത്സരിക്കുമെന്നാണ് വിവരം.