ആലപ്പുഴ: ആലപ്പുഴയില്‍ കോണ്‍ഗ്രസിന് തലവേദനയായി പോസ്റ്ററുകള്‍. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ ഡിസിസി. ഓഫീസ് കെട്ടിടത്തില്‍ ഉള്‍പ്പെടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വ്യാപക പ്രതിഷേധമുണ്ട്.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി പടര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.സി.സിയ്ക്കു മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ വേണ്ട, അമ്പലപ്പുഴയെ അറിയുന്ന സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് മതി തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഉമ്മന്‍ ചാണ്ടിക്കും സുധീരനും കെ.സി. വേണുഗോപാലിനും എതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളുമുണ്ട്. സുധീരനെ പുറത്താക്കണമെന്നും ചില പോസ്റ്ററുകളില്‍ ആവശ്യമുണ്ട്.
ആലപ്പുഴ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥിയായി ഡോ. കെ.എസ്. മനോജിനെ പരിഗണിച്ചിരുന്നു. എന്നാല്‍ സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും നഗരസഭാ കൗണ്‍സിലറായിരുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കാനുമുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.