തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയോ പിണറായി വിജയനോ രാഹുല്‍ ഗാന്ധിയോ മത്സരിച്ചാലും നേമം ബിജെപിയുടെ കൈകളില്‍ തന്നെയായിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയാണെന്നും കെ സുരേന്ദ്രന് അവകാശപ്പെട്ടു.
മത്സരത്തിനായി ഉമ്മന്‍ചാണ്ടിയേയും പിണറായിയേയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. ‘രാഹുല്‍ ഗാന്ധി തന്നെ വന്ന് മത്സരിച്ചാലും നേമത്ത് ബി.ജെ.പി ജയിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായിട്ടുണ്ട്,’ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ആദ്യമായി ബി.ജെ.പി വിജയിക്കുന്നത് 2016 ലെ തെരഞ്ഞെടുപ്പിലാണ്. അന്ന് നേമത്ത് ഒ. രാജഗോപാലായിരുന്നു സ്ഥാനാര്‍ത്ഥി. നേമത്ത് മാത്രമായിരുന്നു ബി.ജെ.പിയ്ക്ക് ജയിക്കാനായതും. നേരത്തെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതേസമടയം ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സി.കെ പദ്മനാഭന് മത്സരിച്ചേക്കും. ഹരിപ്പാട് ബി. ഗോപാലകൃഷ്ണനും അമ്പലപ്പുഴയില്‍ സന്ദീപ് വാചസ്പതിയും സ്ഥാനാര്‍ത്ഥിയായേക്കും. സന്ദീപ് വാര്യര്‍ കൊട്ടാരക്കരയിലായിരിക്കും മത്സരിക്കുക.