തൃശൂര്‍: ഒടുന്ന ബൈക്കിന് മുന്നില്‍ പഴുത്ത ചക്കവീണു. നിലത്തുവീണു ചിതറിയ ചക്കയില്‍ കയറി നിയന്ത്രണംവിട്ട ബൈക്ക് അപകടത്തില്‍പ്പെട്ടു യാത്രക്കാരന് പരിക്കേറ്റു. കാലിനാണ് പരിക്കേറ്റത്. മുറിവേറ്റ കാലുമായി പോലീസ് സ്റ്റേഷനിലെത്തി യാത്രക്കാരന് സങ്കടം പറഞ്ഞു. അയ്യന്തോള്‍ സ്വദേശി ബാബുവിന് (50) ആണു ചക്ക മൂലം ദുരനുഭവമുണ്ടായത്.
യാത്രക്കാര്‍ക്കു ഭീഷണിയായി പഴുത്ത ചക്കകള്‍ നിറഞ്ഞ പ്ലാവ് എംജി റോഡരികില്‍ അതേ നില്പ്പു തുടരുന്നുണ്ട്. ക്ഷേത്ര ദര്‍ശനത്തിനായി രാവിലെ 7.15ന് എംജി റോഡിലൂടെ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ബാബു. രാംദാസ് തീയ്യേറ്ററിനരികില് സ്വകാര്യ പുരയിടത്തില്‍ റോഡിലേക്കു ചാഞ്ഞുനില്ക്കുന്ന പ്ലാവിനു ചുവട്ടിലെത്തിയതും ബൈക്കിനു തൊട്ടുമുന്നില്‍ ചക്ക നിലത്തുവീണു ചിതറുകയായിരുന്നു. വെട്ടിച്ചു മാറ്റാന്‍ നേരം അപകടത്തില്‍പ്പെടുകയായിരുന്നു.
തിരക്കു കുറഞ്ഞ സമയമായതിനാലാണ് കൂടുതല്‍ അപകടമില്ലാതെ രക്ഷപ്പെട്ടത്. ഇതുവഴിയെത്തിയ മറ്റു യാത്രക്കാര്‍ പിടിച്ചെഴുന്നേല്പ്പിക്കുമ്പോഴേക്കും ബാബുവിന്റെ കാലില്‍ പല ഭാഗത്തു നിന്നായി ചോരയൊഴുകാന്‍ തുടങ്ങിയിരുന്നു. സഹിക്കാനാകാത്ത വേദന അനുഭവപ്പെടുമ്പോഴും മറ്റാര്‍ക്കും ഇതേ അനുഭവമുണ്ടാകാതിരിക്കാന്‍ ബാബു നേരെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്.