തൃശ്ശൂര്‍: തൃശൂര്‍ ബിജെപിയില്‍ പരസ്യമായ ഭിന്നത. സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത ജനം ടിവി ചാനല്‍ തെരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്കരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മാത്രം ബാക്കിയിരിക്കെയാണ് ബിജെപിയില്‍ ഭിന്നത പുറത്തുവന്നത്.
ജനം ടിവിയുടെ ഇലക്ഷന് സംവാദ പ്രോഗ്രാമായ ജനസഭ തൃശൂരിലെത്തിയപ്പോഴാണ് ബിജെപിയിലെ ചേരിപ്പോര് പരസ്യമാക്കിയത്. ജനം ടിവി ചാനല്‍ അധികൃതര്‍ക്കും സന്ദീപ് വാര്യര്‍ക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതിയും നല്കി.
ഇടതുമുന്നണിക്ക് വേണ്ടി എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ശരത്പ്രസാദും യുഡിഎഫ് പ്രതിനിധിയായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശോഭാ സുബിനും പങ്കെടുത്ത പരിപാടിയില്‍ ബിജെപിക്ക് വേണ്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് പങ്കെടുത്തത്.
തൃശൂരിലെ പരിപാടിയില്‍, തൃശൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃശൂരിലുള്ള ആളുകളെ പങ്കെടുപ്പിക്കാതെ നടത്തിയതിലാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അമര്‍ഷം. പരിപാടിയുടെ വിവരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അറിയിച്ചതോടെയാണ് വിവാദമായത്.
ആളുകളെ എത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തിനെയും മണ്ഡലം ഭാരവാഹികളെയും അറിയിച്ചിരുന്നു. പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ബിജെപിയെ പ്രതിനിധീകരിക്കുന്നത് സന്ദീപ് വാര്യരാണെന്ന് അറിയിച്ചത്. ഇതോടെ ജില്ലാ നേതൃത്വം മണ്ഡലം നേതൃത്വത്തെയും വിലക്കി. ജില്ലാ-മണ്ഡലം ഭാരവാഹികളാരും തന്നെ സംവാദ സ്ഥലത്തേക്ക് എത്തിയില്ല. ചാനല്‍ അധികൃതരേയും സംസ്ഥാന നേതൃത്വത്തേയും ജില്ലാ നേതൃത്വം ഇക്കാര്യം പരാതിയായും അറിയിച്ചു.