കുണ്ടറ: പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍. കൊല്ലം ജില്ലയിലാണ് സംഭവം. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മകള്‍ അനൂപയാണ് മരിച്ചത്. മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ ദിവ്യ കൊലപ്പെടുത്തിയത്. ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഭര്‍ത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി.
പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ അച്ഛന് ഓട്ടോറിക്ഷാ തൊഴിലാളിയായ ജോണി സെബാസ്റ്റ്യന്‍ വീട്ടിലെത്തി വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിവ്യ വാതില്‍തുറക്കാന്‍ തയ്യാറായില്ല.
ഒടുവില്‍ വാതില്‍ തുറന്ന് ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാള്‍ കുഞ്ഞിനെ എടുത്തു പരിശോധിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു സംഭവസമയം ദിവ്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പ്രസവത്തെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ദിവ്യ, കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതേതുടര്‍ന്ന് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. പ്രസവശേഷം മകള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കുഞ്ഞിന്റെ സംരക്ഷണത്തിന് വീട്ടില്‍ ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു.
തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ഒഴിവാക്കണമെന്നുമുള്ള ദിവ്യയുടെ അഭ്യര്‍ത്ഥനമാനിച്ച് പിതാവ് ആഴ്ചകള്‍ക്കുമുമ്പാണ് ഇവരെ പറഞ്ഞുവിട്ടത്. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.