കൊല്ലം: കളിച്ചുകൊണ്ടിരിക്കെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന്റെ ജീവന് രക്ഷകയായി എത്തി യുവതി. ഐക്കരേത്ത് അജയഭവനത്തില്‍ അജയന്റെയും ശുഭയുടെയും മകനായ ആരുഷിനെയാണ് സ്വന്തം ജീവന് പോലും മറന്ന് കിണറ്റിലേക്ക് എടുത്ത് ചാടി ഐക്കരേത്ത് സിന്ധു ഭവനത്തില്‍ സിന്ധു ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അയല്‍വാസിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ ആരുഷ് വീണത്. കിണറ്റിന് കരയില്‍ അമ്മയുടെ കരച്ചിലും കിണറ്റിനുള്ളില്‍ നിന്നും കുഞ്ഞിന്റെ ഞരങ്ങലും കേട്ട സിന്ധു പിന്നെ മറ്റൊന്നും ആലോചിച്ചില്ല. നിറയെ വെള്ളമുള്ള കിണറിലേക്ക് ഇറങ്ങി.
മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ശശി ഇതിനകം കിണറ്റില്‍ ഇറങ്ങിയിരുന്നു. സഹായിക്കാന്‍ ആരുമില്ലാതെ ശശി ബുദ്ധിമുട്ടിയപ്പോഴാണ്, തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു കിണറ്റിലേക്ക് ഇറങ്ങിയത്.
വെള്ളത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന കുഞ്ഞിനെ ശശി എടുത്ത് മുകളിലെ തൊടിയിലേക്ക് കയറിനിന്നു. കുഞ്ഞിനെ സിന്ധു വാങ്ങി മുകളിലേക്ക് കൈമാറി. പ്രഥമ ശുശ്രൂഷ നല്കിയ ശേഷം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് പുറമേ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ആന്തരികമായ പരിക്കുകള്‍ ഉണ്ടോയെന്ന് അറിയുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.