കൊച്ചി: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ടെക്നോക്രാഫ്റ്റ് ഇ ശ്രീധരന് തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കില്ല. ശ്രീധരനെ തൃശൂരിലേക്കാണ് പരിഗണിക്കുന്നത്. വിജയസാധ്യത കണക്കിലെടുത്താണ് പാര്‍ട്ടിക്ക് സ്വാധീനമുള്ള തൃശൂര്‍ പോലുള്ള മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നത്.
തൃപ്പൂണിത്തുറയില്‍ മത്സരിക്കാനില്ലെന്ന് ശ്രീധരന് തന്നെ പാര്‍ട്ടിയെ അറിയിച്ചെന്നാണ് വിവരം. ജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ ഒന്ന് അദ്ദേഹത്തിന് നല്‍കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. ഇ ശ്രീധരന് മത്സരിക്കുന്നില്ലെങ്കില്‍ തൃപ്പൂണിത്തുറയില്‍ കോര്‍കമ്മിറ്റി നിര്‍ദേശിക്കുന്ന പേര് സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎസ് രാധാകൃഷ്ണന്റേതാണ്.
മേഖലാ സെക്രട്ടറി സിജി രാജഗോപാലിന്റെ പേരും ഉയരുന്നുണ്ട്. ഇ ശ്രീധരനെ ഉള്‍പ്പെടുത്തിയായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചത്. അതേസമയം ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തത് പാര്‍ട്ടിയിലെ പ്രശ്നം വീണ്ടും മറനീക്കി പുറത്ത് വന്നു. 16 അംഗ കമ്മിറ്റിയെയാണ് ബിജെപി പ്രഖ്യാപിച്ചത്.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങള്‍: സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, കേന്ദ്രമന്ത്രി വി.മുരളീധരന്, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്, പി.കെ. കൃഷ്ണദാസ്, മെട്രോമാന് ഇ.ശ്രീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്. പ്രഭാരി സി.പി രാധാകൃഷ്ണന്, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.