പരിയാരം: ശ്വാസനാളത്തില്‍ ഷൂ വിസില്‍ കുടുങ്ങി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്കോപ്പി വഴി എട്ടുവയസ്സുകാരിക്ക് പുനര്ജന്മം. കാസര്‍കോട് സ്വദേശിനിയുടെ ശ്വാസനാളത്തിലാണ് ഷൂ വിസില്‍ കുടുങ്ങിയത്.
ഒരു മാസത്തിലേറെയായി നിര്‍ത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസര്‍കോട് ഗവ. ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പരിയാരത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ശ്വാസനാളത്തില്‍ മറ്റെന്തോവസ്തു കുടുങ്ങിക്കിടക്കുന്നതായി തെളിഞ്ഞു.
വലത്തേ ശ്വാസകോശത്തിലെ താഴെഭാഗം പൂര്‍ണമായും അടഞ്ഞ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ഉടന്‍ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയ്ക്ക് കുട്ടിയെ വിധേയമാക്കുകയായിരുന്നു. ശേഷം വിസില്‍ പുറത്തെടുക്കുകയും ചെയ്തു. ശ്വാസകോശവിഭാഗത്തിലെ ഡോ. ഡികെ മനോജ്, ഡോ. രാജീവ് റാം, ഡോ. രജനി, ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. പദ്മനാഭന്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ചാള്‍സ്, ഡോ. ദിവ്യ, ഡോ. സജിന എന്നിവര്‍ നേതൃത്വം നല്‍കിയത്. കുട്ടി സുഖം പ്രാപിച്ച് വരികയാണ്.