കൊല്ലം: അയല്‍വീട്ടില്‍ കളിക്കാന്‍ പോയതില്‍ ക്ഷുഭിതനായ പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകള്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. കൊല്ലം അഞ്ചാലംമൂടാണ് സംഭവം. എതിര്‍ക്കാന്‍ വന്ന വീട്ടുകാരെ മര്‍ദിക്കുകയും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ഇതിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതര്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പനയം പഞ്ചായത്ത് പരിധിയിലാണ് ഇവരുടെ വീട്. അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാന്‍ പോയതിന് മൂന്നാംക്ലാസ്സുകാരിയെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിക്കുകയായിരുന്നു.
ആരെങ്കിലും ചോദിച്ചാല്‍ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്ന് കുട്ടിയോട് പറഞ്ഞിരുന്നു. അതേസമയം പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാല്‍ മുറിവ് വ്രണമായ അവസ്ഥയിലായിരുന്നു. കുട്ടിയെ പിന്നീട് തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി. അധികൃതര്‍ വിവരം അഞ്ചാലുംമൂട് പൊലീസിനു കൈമാറി. തുടര്‍നടപടികള്‍ ഇന്ന് സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.