മട്ടന്നൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍നിന്ന് ലഹരിവസ്തുക്കളുടെ വന്‍ ശേഖരം പിടികൂടി. ആറ് ചാക്കുകളിലായി കടത്തിക്കൊണ്ടുവന്ന 10,500 പായ്ക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ പോലീസ് ആണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നരയമ്പാറയില്വെച്ച് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. കര്‍ണാടക രജിസ്ട്രേഷനിലുള്ള ലോറി നരയമ്പാറ ടൗണിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടത് കണ്ട് പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
ആറ് പ്ലാസ്റ്റിക് ചാക്കുകളിലായി 9000 പായ്ക്കറ്റ് ഹാന്‍സും 1500 പായ്ക്കറ്റ് കൂള്ലിപുമാണ് ഉണ്ടായിരുന്നത്. കര്‍ണാടകയില്‍നിന്ന് മറ്റു സാധനങ്ങള്‍ക്കൊപ്പം കടത്തിക്കൊണ്ടുവന്ന ലഹരിവസ്തുക്കള്‍ വില്പനക്കാര്ക്ക് കൈമാറാനായി വെച്ചതായിരിക്കാമെന്ന് പോലീസ് പറയുന്നു.