കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശേരിയെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നും തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും റഹീം വ്യക്തമാക്കി.
ട്വിന്റിഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കേരളത്തില്‍ തുടര്ഭരണമുണ്ടാവണം. ഇതാണ് കേരളത്തിലെ യുവതി യുവാക്കള്‍ ആഗ്രഹിക്കുന്നത്. ഡിവൈഎഫ്ഐയുടെ അജണ്ട സീറ്റ് അല്ല. സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.’ റഹീം പറഞ്ഞു.
സീറ്റ് ചോദിച്ച് വാങ്ങുന്ന ചരിത്രം ഡിവൈഎഫ്ഐക്കില്ല. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന വാദം മുന്നോട്ട് വെക്കില്ലെന്നും എഎ റഹീം പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന വികെ ഇബ്രാഹിം കുഞ്ഞാണ് നിലവില്‍ കളമശ്ശേരി എംഎല്‍എ. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം ഇതിനകം മുസ്ലീം ലീഗിനെ വലിയ പ്രതിസന്ധിയാക്കിയിട്ടുണ്ട്.
അതിനിടെയാണ് കളമശേരിയില്‍ റഹീമിന്റെ പേര് ഉയര്‍ന്നത്. 2011 മുതല്‍ തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ഇബ്രാഹിം കുഞ്ഞ് കളമശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68726 വോട്ടിനാണ് ഇബ്രാഹിം കുഞ്ഞ് വിജയിച്ചത്.