തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നത്.
ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1618 രൂപയും ഉപഭോക്താക്കള്‍ നല്‍കണം. ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ദ്ധനവാണ് പാചകവാതക വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ സാധാരണക്കാരാണ് വലഞ്ഞിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് നാളെ വാഹനപണിമുടക്ക് നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.
ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെ.എസ്.ആര്.ടി.സി.ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല.