ദിനംപ്രതി കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത് പലസാഹചര്യങ്ങളിലായി പലരും ചെറുതായി കാണാറുണ്ട്. ചൈല്‍ഡ് അബ്യൂസിനെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും അതിനെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.
അത്തരത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക ഉപദ്രവവുമായി ബന്ധപ്പെട്ട് ഡാനിയ നജിഹ എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു.കണ്മുന്നില് വെച്ച് നടന്ന ഒരു സംഭവമാണ് ഡാനിയ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വൈറല്‍ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
‘ചൈല്‍ഡ് അബ്യൂസിനെ എതിര്‍ക്കുന്നു, പക്ഷെ…’ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്… പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള ആറാം ക്ലാസുകാരിയോട് ട്യൂഷന് മാഷിനുള്ള അമിതവാത്സല്യം ശ്രദ്ധയില്‍പെടുന്നത്. ഒരിക്കല്‍ ക്ലാസുകഴിഞ്ഞിറങ്ങുമ്പോള്‍ അവളെതിര്‍ക്കാന്‍ ശ്രമിച്ചിട്ടും, ”നിന്നെയൊന്ന് തൊടാന്‍ പോലും സമ്മതിക്കില്ലേ ‘ എന്ന് പറഞ്ഞവളെ കെട്ടിപിടിക്കുന്നത് കണ്ടപ്പോള്‍ ഇതെന്തോ ശരിയായ കാര്യമല്ല എന്ന വളരെ vague ആയ ബോധ്യമേ ഉണ്ടായിരുന്നുള്ളു.
എന്തോ ഒരുള്‍പ്രേരണയാല്‍ ”നിനക്ക് മാഷിനോട് ദേഷ്യമുണ്ടോ?” എന്ന് ചോദിച്ചപ്പോള്‍ ”ഏയ്.. മാഷ് നല്ലയാളാണ്.. ഉപ്പാക്ക് ജോലിയില്ലാതായപ്പോഴൊക്കെ ഫ്രീ ആയാണ് എനിക്ക് ട്യൂഷന് എടുത്തത്” എന്ന് അവളെന്നെ തിരുത്തുകയും ചെയ്തു. അയാളുടെ സമീപനത്തോട് ചെറിയൊരു വൈമുഖ്യം ഉണ്ടെന്നതൊഴിച്ചാല്‍ അയാളെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു അവള് നോക്കിക്കണ്ടത്. ആ സംഭവം ഞാനോ അവളോ വീട്ടില്‍ പറഞ്ഞിരുന്നില്ല. പറയാന്‍ മാത്രം കാര്യമായി അതിലെന്തെങ്കിലും ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.
പാട്ട് സീനുകള്‍ വരുമ്പോള്‍ ചാനല്‍ മാറ്റുന്ന, ബലാത്സംഘത്തിന്റെ അര്‍ത്ഥം ചോദിച്ചാല്‍ അടികിട്ടുന്ന ഗൃഹാന്തരീക്ഷം കൈമുതലായിട്ടുള്ള നമ്മുടെ സമൂഹത്തില്‍ ഇത് അസംഖ്യം കുട്ടികളുടെ അനുഭവമാണ്. എത്ര വളര്‍ന്ന് കഴിഞ്ഞപ്പോഴാവും ഒരു കടപ്പാടിന്റെ പുറത്ത് താന്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നവള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുക !. കണ്മുന്നില് വെച്ച് നടന്ന ആ സംഭവം ഓര്‍ക്കുമ്പോഴൊക്കെയും ഉള്ള് പൊള്ളിക്കാറുണ്ട്.