കൊല്ലം; കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്കടത്തിയ സംഭവത്തില്‍ 16 ദിവസത്തിന് ശേഷം പ്രതി പിടിയില്‍. ശ്രീകാര്യം സ്വദേശി ടിപ്പര്‍ അനി എന്ന നിതിനാണ് ടിപ്പര്‍ ലോറി കടത്തിയത്. ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. ആര്‍എസി 354-ാം നമ്പറിലുള്ള ബസ് തലേന്ന് രാത്രി സര്‍വീസ് പൂര്‍ത്തിയാക്കി ഗ്യാരേജില്‍ പരിശോധനയ്ക്ക് ശേഷം നിര്‍ത്തിയിട്ടതാണ്.
അടുത്ത ദിവസം രാവിലെ നോക്കുമ്പോഴാണ് ബസ് കാണാതായത്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ 27 കിലോമീറ്റര്‍ അകലെ പാരിപ്പള്ളിയിലെ റോഡരികില്‍ ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മോഷ്ടാവാരെന്ന് കണ്ടെത്താനായിരുന്നില്ല. പിന്നീട് ടിപ്പര്‍ അനിയെ കണ്ടെത്തുകയായിരുന്നു.
പാലക്കാട് നിന്ന് കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പാലക്കാട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. യാത്രയ്ക്കായി ബസ് എടുത്തു കൊണ്ടുപോയി എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് പ്രതിയെ കുടുക്കിയത്.