ആലപ്പുഴ : ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആലപ്പുഴ ജില്ലയിലെ വയലാറിലാണ് സംഭവം. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തലക്കാരായ അന്‍സില്‍, സുനീര്‍ എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ കണ്ടാലറിയുന്ന 16 പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം.. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന് നന്ദുകൃഷ്ണയാണ് മരിച്ചത്.
ഇരുപത്തിമൂന്ന് വയസ്സായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്ഡിപിഐ നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടര്‍ച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. അതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു.