കൊല്ലം: കഴിഞ്ഞദിവസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്തിരുന്നു. ഇപ്പോഴിതാ കടലില്‍ യാത്ര ചെയ്തതിന്റെ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് രാഹുല്‍ ഗാന്ധി. വല വിരിച്ചപ്പോള്‍ കുറച്ച് മത്സ്യം മാത്രമേ കിട്ടിയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
‘ഞങ്ങള്‍ കടലില്‍ പോയി വല വിരിച്ചു. ഞാന്‍ കരുതിയത് ഒരുപാട് മല്‍സ്യങ്ങള്‍ ലഭിക്കുമെന്നാണ്. പക്ഷേ, വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച് മല്സ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ നേരിട്ടു മനസിലാക്കി നിങ്ങള്‍ നേരിടുന്ന പ്രശ്നം. ഞാന്‍ ഇപ്പോഴാണ് ഇത് നേരിട്ടുകണ്ടത്.
എന്നാല്‍ നിങ്ങള്‍ എന്നും ഇത് അനുഭവിക്കുന്നു. വള്ളത്തില്‍ വച്ച് തൊഴിലാളി സുഹൃത്തുക്കള്‍ എനിക്ക് മീന്‍ പാചകം ചെയ്ത് തന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവം. ഞാന്‍ ആ സുഹൃത്തുക്കളോട് ചോദിച്ചു. നിങ്ങളുടെ മക്കള്‍ എന്തു ചെയ്യുന്നുവെന്ന്. അവര്‍ പറഞ്ഞത് അവരെ മല്‍സ്യത്തൊഴിലാളി മേഖലയില്‍ വിടാന്‍ ഒരുക്കമല്ലെന്നും അത്രമാത്രം കഷ്ടപ്പാടാണ് ഇവിടെയെന്നുമാണ്’ – തങ്കശേരി ബീച്ചില്‍ മല്‍സ്യത്തൊഴിലാളികളോടു സംസാരിക്കവേ രാഹുല്‍ പറഞ്ഞു.