കൊച്ചി: 25ാമത് ഐഎഫ്എഫ്കെയുടെ കൊച്ചി ഉദ്ഘാടന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് തുറന്നുപറഞ്ഞ് നടന് സലിംകുമാര്‍. ഇനി പങ്കെടുത്താല്‍ പിന്തുണച്ചവരോടുള്ള വഞ്ചനയാവുമെന്നും സലിം കുമാര്‍ പറഞ്ഞു. ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് നടന് സലിംകുമാറിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.
കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും നടന് വിമര്‍ശിച്ചു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറുണ്ടായിരുന്നില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിം കുമാര്‍ പറഞ്ഞു.
എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയമാണ് കാരണം. സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിം കുമാര്‍ പറഞ്ഞു.
മനോരമ ന്യൂസിനോടായിരുന്നു നടന്റെ പ്രതികരണം. 25ാമത് ഐഎഫ്എഫ്കെയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരിതെളിയാനിരിക്കെയാണ് വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്. മുഖ്യവേദിയായ സരിത തിയറ്ററില്‍ വൈകിട്ട് ആറിന് മന്ത്രി എ.കെ.ബാലന് ചലച്ചിത്രമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.