കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിലെ നവവധുവിന്റെ കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മധുവിധുകാലം പിന്നിടും മുമ്പേയാണ് ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ സംശയരോഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന് ഷഹീര്‍ (30) ആണ് ഭാര്യ മുഹ്സിലയെ (20) കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഇരുവരുടെയും കല്യാണം കഴിഞ്ഞിട്ട് ആറുമാസം പോലുമായില്ല.
പുലര്‍ച്ചെ ഇവരുടെ മുറിയില്‍നിന്നു മുഹ്സിലയുടെ അലറിക്കരച്ചില്‍ കേട്ടാണ് ബന്ധുക്കള്‍ ഉണര്‍ന്നത്. അസ്വഭാവികത തോന്നിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് വരുത്തി. അവരെത്തി ഒച്ചവെച്ചതോടെയാണ് ഷഹീര്‍ വാതില്‍ തുറന്നത്.
വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ ആണ് ഏവരും കണ്ടത്. കഴുത്തറുത്ത നിലയിലായിരുന്നു മുഹ്സില. മുഹ്സിലയുടെ കഴുത്തിലും തലയിലും കത്തികൊണ്ട് കുത്തിയതോടെയാണ് യുവതി നിലവിളിച്ചത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ തന്നെ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ആറ് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.
ഭാര്യ മൊബൈലില്‍ ആരോടെങ്കിലും സംസാരിക്കുന്നത് തന്നെ വലിയ സംശയത്തിനിടയാക്കി. വിവാഹത്തിനു ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നു. ഭാര്യയെ വിശ്വാസമില്ലാത്തതു കൊണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.