അതിരപ്പിള്ളി: ആനമല പാതയില്‍ പിള്ളപ്പാറയ്ക്കു സമീപം വിനോദ സഞ്ചാരികളുടെ കാറിനു നേരെ കാട്ടാനയുടെ ആക്രമണം. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിള്ളപ്പാറ പ്ലാന്റേഷന് വാലി റിസോര്‍ട്ടിന്റെ പ്രവേശന കവാടത്തിനു മുന്‍വശത്ത് ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം.
വാല്പാറ സന്ദര്‍ശിച്ചു മടങ്ങിയ പാലക്കാട് ആലത്തൂര്‍ സ്വദേശികളായ 3 പേര് സഞ്ചരിച്ചിരുന്ന കാറിനു നേരെയാണു കാട്ടാനയുടെ ആക്രമണമുണ്ടായത്. റോഡിലെ വളവില്‍ നിന്നിരുന്ന കാട്ടാന, വാഹനം അടുത്തെത്തിയപ്പൊള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു.
ആനയുടെ കുത്തേറ്റ് കാറിന്റെ മുന്‍വശത്തെ ചില്ലും തകരുകയും ചെയ്തു. ഇടതു വശത്തുള്ള ഹെഡ് ലൈറ്റും ആനയുടെ ആക്രമണത്തില്‍ തകര്‍ന്നു. വേനല്‍ കടുത്തതോടെ രാത്രിയില്‍ വന്യ ജീവികള്‍ കാടിറങ്ങുന്നതിനാല് വനപാതയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.