ഡ്രൈവ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ആളുകളോ വാഹനങ്ങളോ മുന്നിലേക്ക് വന്നേക്കാം, മൃഗങ്ങളോ മറ്റു തടസങ്ങളോ തുടങ്ങി റോഡില്‍ എന്തും സംഭവിക്കാം. ഓരോ ഡ്രൈവര്‍മാരും അക്കാര്യങ്ങളെല്ലാം നേരിടാന്‍ തയാറായി വേണം വാഹനമോടിക്കാന്‍.
എന്നാല്‍ ചിലപ്പോഴൊക്കെ ഇത്തരം സംഭവങ്ങള്‍ ഡ്രൈവര്‍മാരെ അപകടങ്ങളിലെത്തിക്കും, പല അബദ്ധങ്ങളിലേക്കും കൊണ്ടുചെന്നു ചാടിക്കാറുമുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.
തിരക്കൊന്നുമില്ലാത്ത ചെറിയൊരു നാട്ടുപാതയില്‍ ടി ജംഗ്ഷനിലേക്ക് വരുന്ന ഓട്ടോയെ കണ്ട് പേടിച്ച് സ്കൂട്ടറിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം പോയ സ്കൂട്ടര്‍ വീണത് തൊട്ടടുത്ത പറമ്പില്‍. എന്നാല്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ടില്ല.
ഓട്ടോറിക്ഷയെ കണ്ട വെപ്രാളത്തില്‍ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പറമ്പിലേക്ക് മറിയുകയായിരുന്നു. രണ്ടുപേരുണ്ടായിരുന്നു സ്കൂട്ടറില്‍, പറമ്പിലേക്ക് വീണ യാത്രികരുടെ മുകളിലേക്കാണ് സ്കൂട്ടര്‍ വീണത്. അപകടം നടന്ന സ്ഥലമോ കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ല.