തൊടുപുഴ: കാട്ടുപന്നികളെ പിടികൂടാന്‍ വേട്ടക്കാര്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലക സംഘം രക്ഷപ്പെടുത്തി വനത്തില്‍ തുറന്നുവിട്ടു. മറയൂരില്‍ തലയാറിലെ തേയിലത്തോട്ടത്തിനുള്ളില്‍ സ്ഥാപിച്ച കെണിയിലകപ്പെട്ട 6 വയസ് പ്രായമുള്ള ആണ്‍പുലിയെയാണ് വനപാലക സംഘം രക്ഷിച്ചത്.
കാലില്‍ പരിക്കേറ്റ പുലിയെ വലയിലേക്കു മാറ്റി ചികിത്സ നല്‍കിയതിനു ശേഷം വനത്തില്‍ തുറന്നുവിടുകയായിരുന്നു. തോട്ടം മേഖലയിലെത്തുന്ന കാട്ടുപന്നിയെയും മറ്റു വന്യമൃഗങ്ങളെയും പിടികൂടാന്‍ വേട്ടക്കാര്‍ വച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്ന് വനപാലകര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് കെണിയില്‍ കുടുങ്ങിയ പുലിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാര്‍ എസിഎഫ് സജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം എത്തി പുലിയെ രക്ഷിച്ചു വനത്തില്‍ തുറന്നുവിട്ടത്.
കുറച്ചുനാള്‍ മുന്‍പ് അടിമാലി മാങ്കുളത്ത് പുലിയെ കെണിവച്ചു പിടിച്ച് കറിവച്ചു തിന്ന സംഭവം ഉണ്ടായിരുന്നു. ആ സംഭവത്തില്‍ 5 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തവണയും തേയിലത്തോട്ടം തൊഴിലാളികള്‍ കെണി കണ്ടില്ലായിരുന്നെങ്കില്‍ നായാട്ടുസംഘം പുലിയെ കൊലപ്പെടുത്താനായിരുന്നു സാധ്യത. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. അതിനിടെ പുലിയെ കെണിയില്‍ നിന്നു സംഭവ സ്ഥലത്തു തന്നെ തുറന്നുവിട്ടതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.