പഴയങ്ങാടി: രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അപകടം. എരിപുരത്തുള്ള പഴയങ്ങാടി താലൂക്കാശുപത്രിക്ക് സമീപത്തായി പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
കാര്‍ ഓടിച്ച കണ്ണപുരം എടക്കേപ്പുറം സ്വദേശിനി അനുശ്രീ (24), ആംബുലന്‍സ് ഡ്രൈവര്‍ കണ്ണൂര്‍ ചാല സ്വദേശി വി.കെ. പ്രശാന്ത്, ആംബുലന്‍സില്‍ ഉണ്ടായിരുന്ന റുഫൈദ (24), പിതാവ് റാഫി (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും പയ്യന്നൂരില്‍നിന്ന് കണ്ണപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.