പാലക്കാട്: പാലക്കാട് പുതുപ്പള്ളിത്തെരുവിൽ അമ്മ ആറുവയസ്സുകാരൻ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാരൊക്കെ. പുതുപ്പള്ളിത്തെരുവ് സ്വദേശി ഷാഹിദ(31) യാണ് മകൻ ഷാഹിദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വീട്ടുകാരൊക്കെ കിടന്നുറങ്ങുന്ന സമയത്താണ് ഷാഹിദ മകനെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കൊലപാതക വിവരം വിളിച്ചറിയിച്ചത്. മകനെ കൊന്നത് ദൈവത്തിനുവേണ്ടിയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. മൂന്നു മാസം ഗർഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയാണ് ഷാഹിദ്.
ഷാഹിദയ്ക്ക് നേരത്തേ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ ഉച്ചയോടെ അയൽ വീട്ടിൽ നിന്നും ഇവർ ജനമൈത്രി പോലീസിന്റെ ഫോൺ നമ്പർ ശേഖരിച്ചിരുന്നു. ഈ നമ്പറിലേക്കാണ് ഇവർ കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. മറ്റ് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിനി ആറുവയസ്സുകാരനായ മകനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ കുളിമുറിയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ കാൽ കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല നടത്തിയ ശേഷം ഇവർ തന്നെയാണ് ഇക്കാര്യം പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചു പറയുന്നത്.
‘ദൈവത്തിന് വേണ്ടി മകനെ ബലി നൽകി’ എന്നാണ് ഇവർ പോലീസിനോട് വിളിച്ചത് പറഞ്ഞത്. ഷാഹിദ ഏറെക്കാലം മദ്രസാ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുലൈമാനും മറ്റു രണ്ടു മക്കളും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പോലീസ് എത്തിയ ശേഷമാണ് ഇവരും ഇക്കാര്യം അറിയുന്നത്. ഷാഹിദയെ ചോദ്യം ചെയ്തു വരികയാണ്. അതിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകൂവെന്നും പാലക്കാട് എസ്പി ആർ വിശ്വനാഥൻ പറഞ്ഞു.