മലപ്പുറം: മാങ്ങ തിന്നാനുള്ള ആഗ്രഹത്തില്‍ മാവിന്റെ മുകളില്‍ കയറിയ കൗമാരക്കാരന് പുലിവാല് പിടിച്ച അവസ്ഥയില്‍. മാങ്ങ പറിച്ച് തിരിച്ചിറങ്ങാന്‍ കഴിയാതെ കൗമാരക്കാരന് മാവിന്റെ മുകളില്‍ കുടുങ്ങിയത് മൂന്നുമണിക്കൂറോളമാണ്. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്.
വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തിനടുത്ത് കല്ലുര്‍മ്മ പെരുമ്പാളിലാണ് സംഭവം. കല്ലുര്‍മ്മ പെരുമ്പാള്‍ താമസിക്കുന്ന അബൂബക്കറിന്റെ മകന് അന്‍സിലാണ് വീട്ടുവളപ്പില്‍ നിന്ന മാവില്‍ മാങ്ങ പറിക്കാന്‍ കയറിയത്. ഉയരങ്ങളില്‍ കയറിയെങ്കിലും മാങ്ങ പറിച്ച ശേഷം താഴെ ഇറങ്ങാനുള്ള മനോധൈര്യം നഷ്ടപ്പെട്ടു.
കൈയും കാലും വിറക്കാന്‍ തുടങ്ങിയതോടെ താഴെയുള്ളവരോട് ബുദ്ധിമുട്ട് അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ ഉടനെ മരത്തില്‍ കയറി അന്‍സിലിനെ മരത്തില്‍ തന്നെ കയറില്‍ കെട്ടി നിര്‍ത്തിയ ശേഷം അഗ്നിശമന രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നിന്ന് അഗ്നിശമന രക്ഷാ സേനയെത്തിയാണ് അന്‍സിലിനെ താഴെയിറക്കിയത്.