കൊല്ലം: താലൂക്ക് ആശുപത്രിയില്‍ നഴ്സ് കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ഥത്തില്‍ രമണന്റെ ഭാര്യ സുജ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്സിന് വിതരണ കേന്ദ്രത്തില്‍ ഇവര്‍ വാക്സീന് സ്വീകരിച്ചിരുന്നു.
നിരീക്ഷണത്തിലിരിക്കെ, കുഴഞ്ഞു വീണ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെതുടര്‍ന്നു അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാക്സീന് എടുത്തതിനെത്തുടര്‍ന്നു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതല്‍ വിലയിരുത്തലിനായി രാവിലെ മെഡിക്കല്‍ ബോര്‍ഡ് കൂടും. തുടര്‍ന്നു മാത്രമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പ്രതികരിച്ചു.