തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്ഫറന്സു വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തു തന്നെ ഇതിനു മുമ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. എല്ലാവര്ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നാലര വര്‍ഷം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാരിന് അങ്ങേയറ്റം അഭിമാനം പകരുന്ന പ്രഖ്യാപനമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2,50,547 വീടുകളാണ് പൂര്‍ത്തിയായത്. ഇതു വഴി പത്തു ലക്ഷത്തിലേറെ പേര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കേരളത്തില്‍ ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇനിയും അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ധാരാളം പേരുണ്ട്. അവരില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അര്‍ഹരായ എല്ലാവര്ക്കും വീട് നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് ലൈഫ് മിഷന്. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നാലു മിഷനുകളാണ് രൂപീകരിച്ചത്. എന്തിനാണ് മിഷനുകള്‍ എന്ന് ചോദിച്ചവരുണ്ട്. എന്നാല്‍, കാര്യങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ ഇതുവഴി കഴിഞ്ഞുവെന്ന് ഇപ്പോള്‍ വ്യക്തമായി.
പാര്‍പ്പിട രംഗത്ത് ഇതിനുമുമ്പും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രശ്നത്തിന് പരിഹാരമായില്ല. ഇത് കണക്കിലെടുത്താണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നവകേരള കര്‍മ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ രംഗം തകര്‍ച്ചയെ നേരിടുന്ന നിലയിലായിരുന്നു.
ഇപ്പോള്‍ വലിയ മാറ്റമാണ് ഈ രംഗത്തുണ്ടായത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അവസാനിച്ചുവെന്ന് എന്നു മാത്രമല്ല, 6.8 ലക്ഷം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുകയും ചെയ്തു. കോവിഡ് മഹാമാരിയെ ഒരു പതര്‍ച്ചയുമില്ലാതെ നേരിടാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കിയത് ശക്തമായ പൊതുജനാരോഗ്യമേഖലയാണ്. ആരോഗ്യമേഖലയെ ഈ രീതിയില്‍ ശക്തിപ്പെടുത്തുന്നതില്‍ ആര്‍ദ്രം മിഷന്റെ പങ്ക് വലുതാണ്.
പരിമിതികള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ട്. സമൂഹത്തിന്റെ പിന്തുണയോടെയാണ് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും മറികടക്കാനാകുമെന്ന വിശ്വാസം സര്‍ക്കാരിനുണ്ട്.
ലൈഫ് പദ്ധതി വിജയിപ്പിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. പുതുതായി ഭരണമേറ്റ ഭരണാധികാരികള്‍ ഈ കാഴ്ചപ്പാടോടെ മുന്നോട്ടുപോകണം. വലിയ ഉത്തരവാദിത്വമാണ് അവര്‍ക്ക് നിര്‍വഹിക്കാനുള്ളതെന്നും കോവിഡ് ഭീഷണി ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.