തിരുവനന്തപുരം : രണ്ടര ലക്ഷം കുടുംബങ്ങളുടെ ജീവിതാഭിലാഷം ഇന്ന് ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കുകയാണ്. ലൈഫ് പദ്ധതിയിലൂടെ നിര്‍മ്മിച്ച് നല്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെടുത്തു.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം പാപ്പാടുള്ള കെ പ്രഭ-ശശി ദമ്പതികളുടെ വീടിന്റെ പാലു കാച്ചല് ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. വീട്ടില്‍ അല്‍പ്പസമയം ചെലവഴിച്ച മുഖ്യമന്ത്രി, വീട്ടുകാര്‍ക്ക് ഉപഹാരവും നല്‍കിയാണ് മടങ്ങിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്, മന്ത്രി കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രണ്ടര ലക്ഷം കുടുംബങ്ങളുടെ ജീവിതാഭിലാഷം സാക്ഷാത്കരിക്കുന്നതിന് കൂടെ നില്ക്കാന് കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
രണ്ടര ലക്ഷം കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും ഇത് അഭിമാന നിമിഷം. ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. രണ്ടര ലക്ഷം കുടുംബങ്ങളുടെ ജീവിതാഭിലാഷം സാക്ഷാത്കരിക്കുന്നതിന് കൂടെ നില്ക്കാന് കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. വട്ടിയൂര്‍ക്കാവ് പാപ്പാടിലെ പ്രഭയുടെയും കുടുംബത്തിന്റെയും സന്തോഷത്തില്‍ നേരിട്ട് പങ്കുചേരുകയാണ്. ലൈഫ് ഇനിയും മുന്നോട്ട്.