അഞ്ചല്‍: വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ മേല്‍ക്കൂരയും ഭിത്തിയും വീട്ടുപകരണങ്ങളും തകര്‍ന്നു. വീട്ടിലുണ്ടായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഏരൂര്‍ മണലില്‍ അനി വിലാസത്തില്‍ അനില്‍കുമാറിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. മേല്‍ക്കൂരയുടെ ആസ്ബറ്റോസ് പൊട്ടിച്ചിതറി സമീപ പുരയിടങ്ങളില്‍ വീണു.
സ്ഫോടനസമയത്ത് അനില്‍കുമാറിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തേക്ക് ഇറങ്ങി ഓടിയതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവത്തെത്തുടര്‍ന്ന് കൊല്ലത്തുനിന്ന് ഫോറന്‍സിക് സംഘവും ഏരൂര്‍ പോലീസും എത്തി തെളിവ് ശേഖരിച്ചു. പന്നിപ്പടക്കമോ മറ്റ് സ്ഫോടകവസ്തുക്കളോ ആയിരിക്കാം കാരണമെന്ന് കരുതുന്നു.
സ്ഫോടനത്തെത്തുടര്‍ന്ന് ഗൃഹനാഥനായ അനില്‍കുമാറിനെ കാണാതായതും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിന് വേണ്ടി വാങ്ങിയ മാലപ്പടക്കത്തിലെ അമിട്ടുകളില്‍ ഉപയോഗിക്കാത്തവ വീട്ടില്‍ സൂക്ഷിച്ചിരുന്നതാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.