തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് മിക്ക പാര്‍ട്ടികളും. അതിനിടെ ഇത്തവണത്തെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും പകരം പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നുമാണ് കെ.സുരേന്ദ്രന് പറഞ്ഞിരിക്കുന്നത്. തന്റെ തീരുമാനം കേന്ദ്ര നേതൃത്വത്തെ കെ.സുരേന്ദ്രന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സുരേന്ദ്രന്റെ തീരുമാനത്തില്‍ കേന്ദ്ര നേതൃത്വം ഇതുവരെ മറുപടി അറിയിച്ചിട്ടില്ല.
ഉടന്‍ തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ സംസ്ഥാന അധ്യക്ഷന്മാര് തെരഞ്ഞെടുപ്പില്‍ മത്സരിക്കാറുണ്ട്. സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കുന്നുണ്ടെന്നും ഇതിനിടയ്ക്ക് താനും മത്സരിച്ചാല്‍ പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നാണ് സുരേന്ദ്രന് എടുത്തിരിക്കുന്ന നിലപാട്.
മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയില്‍ സാധാരണ കീഴ്വഴക്കം. കേന്ദ്രമന്ത്രി വി. മുരളീധരന്, നടന് സുരേഷ്a ഗോപി, കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ് എന്നിവര്‍ ഉള്‍പ്പെടെ നേതൃനിര മത്സരിക്കാനിറങ്ങുമ്പോള്‍ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാല്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാകില്ലെന്നാണു സുരേന്ദ്രന്റെ നിലപാട്. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രന് മത്സരിക്കാനിടയുണ്ടായിരുന്നത്.