വടകര: ഉയരംപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് മൊഴിചൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള നാദാപുരത്താണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഷഫീന എന്ന യുവതിയാണ് ഭര്തതാവ് പറമ്പത്ത് ഷാഫിയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പേരോട് ഭര്തൃവീട്ടിനുമുന്നില് യുവതിയും മക്കളും കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഉയരംപോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഷഫീനയുടെ പരാതി. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്.
ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ വീടിന്റെ താക്കോല്‍ നല്കാന് ഭര്‍തൃവീട്ടുകാര്‍ തയ്യാറായതുമില്ല. വിഷയം ക്രമ സമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതോടെ നാദാപുരം സി.ഐ എന്‍. സുനില്‍ കുമാര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചുവരുത്തി.
എന്നാല്‍ അനുരഞ്ജന ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. വീട് തുറന്നുകിട്ടാന്‍ 10ഉം ആറും വയസ്സുള്ള രണ്ടു മക്കളുമായി ഷഫീന കുത്തിയിരിപ്പ് സമരം തുടര്‍ന്നു. യുവതിയെയും കുട്ടികളെയും വീട്ടില്‍ കയറ്റി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന നിര്‍ദേശം ഭര്‍തൃവീട്ടുകാര്‍ അംഗീകരിച്ചില്ലെന്ന് സി.ഐ പറഞ്ഞു.
ഒരാഴ്ച വീട്ടില്‍നിന്ന് യുവതിയും മക്കളും മാറിനില്‍ക്കണമെന്നും വിദേശത്തുള്ള ഭര്‍ത്താവ് സ്ഥലത്തെത്തിയാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നുമുള്ള നിലപാടാണ് ഭര്‍തൃവീട്ടുകാര്‍ സ്വീകരിച്ചത്. യുവതിക്കും കുട്ടികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കുമെന്നും സി.ഐ പറഞ്ഞു.