തിരുവനന്തപുരം: വീട്ടമ്മമാര്‍ക്കും ആശ്വാസമേകി ബജറ്റ്. വീട്ടമ്മമാര്‍ക്കായി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കെഎസ്എഫ്ഇ വഴി വായ്പ നല്‍കും.
ഇതിന്റെ പലിശയുടെ പങ്ക് സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഗൃഹജോലികളില്‍ പുരുഷന്മാരും ഭാഗഭാക്കാവണമെന്ന, കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മുഖ്യമന്ത്രി പറഞ്ഞത് എടുത്തു പറഞ്ഞുകൊണ്ടാണ് ഐസക് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ചത്.
വീട്ടുജോലികള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കുന്നത്. ഇതു ഗഡുക്കളായി തിരിച്ചടയ്ക്കാന്‍ അവസരമുണ്ടാവും. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ക്യാംപയ്ന് വിവര ശേഖരണം നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു.
കൃത്യമായ ലക്ഷ്യത്തോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയാണ് ഉദ്ദേശിക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പു തൊഴിലാളികളില്‍ മറ്റു പെന്‍ഷനുകള്‍ ഇല്ലാത്തവര്‍ക്ക് പെന്ഷന് നല്‍കും.