തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു ലാപ് ടോപ് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്കു പകുതി വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. കെ ഫോണ്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ജൂലൈയോടെ കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കെ ഫോണ്‍ വരുന്നതോടെ കുറഞ്ഞ ചെലവില്‍ നെറ്റ് ലഭ്യത ഉറപ്പുവരുത്താനാവും. പത്ത് എംബിപിഎസ് മുതലുള്ള സ്പീഡില്‍ കെ ഫോണ്‍ വഴി നെറ്റ് ലഭ്യമാക്കാനാവും.
കെഫോണ്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് കുത്തക ഇല്ലാതാക്കും. എല്ലാ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം നല്‍കും. സര്‍ക്കാര്‍ ഓഫിസുകളെ ഇന്‍ട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും.
ഇതുവഴി വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്എഫ്ഇ അടക്കം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.