ഇരവിപുരം: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ശബ്ദം കേട്ടു വീട്ടുകാര്‍ കുട്ടികളുമായി പുറത്തേക്ക് ഓടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്നാണ് കുടുംബം കരകയറിയത്. വാളത്തുംഗല്‍ വയനക്കുളം തൈക്കാവിനടുത്തു ഹൈദരലി നഗര്‍ 106 പെരുമന തൊടിയില്‍ ബീമയുടെ വീടാണു തകര്‍ന്നു വീണത്.
രാവിലെ 8.30നായിരുന്നു സംഭവം. വര്‍ഷങ്ങളായി വീടിനുള്ളില്‍ അസുഖബാധിതനായി കിടക്കുകയായിരുന്ന ഭര്‍ത്താവ് അബ്ദുല്‍ ലത്തീഫിനെ ബീമയും മക്കളും ചേര്‍ന്നു വീടിനു പുറത്തെത്തിച്ചപ്പോഴേക്കും വീട് നിലംപൊത്തിയിരുന്നു.
അടുക്കളയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും മുന്‍വശത്തെ ഹാളിലുണ്ടായിരുന്ന ഫര്‍ണിച്ചറും നശിച്ചു. ഇരവിപുരം വില്ലേജ് ഒാഫിസില്‍ നിന്നു റവന്യു അധികൃതരും കോര്പറേഷന് കൗണ്‍സിലറും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു.