കോഴിക്കോട്: ഏറേ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് വിജയ് ചിത്രം മാസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് വിജയ് ആരാധകര്‍ തിയ്യേറ്ററിലെത്തിയത്. എന്നാല്‍ കോഴിക്കോട് അപ്സര തിയ്യേറ്ററില്‍ മാസ്റ്ററിന്റെ ഷോ മുടങ്ങിയത് ആരാധകരെ ക്ഷുഭിതരാക്കി.
പ്രൊജക്ടറിലെ തകരാര്‍ മൂലമാണ് ഷോ മുടങ്ങിയത്. ഷോ മുടങ്ങിയതില്‍ പ്രതിഷേധമുയര്‍ത്തി വിജയ് ആരാധകര്‍ രംഗത്തെത്തി. പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോയ്ക്ക് മുന്നെയാണ് അപ്സരയില്‍ തകരാര്‍ കണ്ടത്തിയത്. തുടര്‍ന്ന് ഷോ വൈകി. രാവിലെ മുതല്‍ വലിയ ജനമായിരുന്നു തിയേറ്ററിന് മുന്നില്‍ തടിച്ചുകൂടിയത്.
പ്രദര്‍ശനം ആരംഭിക്കാന്‍ വൈകിയത് ആരാധകരെ ചൊടിപ്പിച്ചു. തുടര്‍ന്ന് ആരാധകര്‍ പ്രതിഷേധം ആരംഭിച്ചു. ഒടുവില്‍ പൊലീസ് എത്തിയാണ് ആരാധകരെ പിരിച്ചുവിട്ടത്. മറ്റൊരു പ്രൊജക്ടര്‍ കൊണ്ടുവന്ന് പ്രദര്‍ശനം ആരംഭിക്കുവാന്‍ തിയേറ്ററുടമകള്‍ ശ്രമിക്കുന്നുണ്ട്.
കോഴിക്കോട് തന്നെ മറ്റൊരു തിയേറ്ററിലെ സമാനമായ അനുഭവം ഉണ്ടായി. ഗംഗ തിയേറ്ററിലെ പ്രൊജക്ടറിലെ തകരാര്‍ മൂലം ഷോ തടസപ്പെട്ടു. എന്നാല്‍ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് ഷോ തുടര്‍ന്നു. കേരളത്തിലെ തിയേറ്ററുകളില്‍ ഒമ്പത് മണിക്ക് ആരംഭിച്ച ആദ്യ ഷോയ്ക്ക് ആരാധകരുടെ വന്‍ ആരവമായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. സാധരണയായി വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളില്‍ ഉണ്ടാവുന്ന ആരാധകരുടെ ആഘോഷ പരിപാടികള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല.
വിജയ്യും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്. ചിത്രം തുടങ്ങി ആദ്യം തന്നെ ആരാധകര്‍ക്ക് ലഭിച്ചത് വിജയ് സേതുപതിയുടെ മാസ് എന്റട്രിയാണ്. വിജയ് വിജയ് സേതുപതി കോമ്പിനേഷന്‍ രംഗങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്്. സിനിമ തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മാസ്റ്റര്‍ മാസാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.