പുതുക്കാട്: കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞൂര്‍ അമ്പഴക്കാടന്‍ ബെന്നിയുടെ ഭാര്യ ലിന്റയെയാണ് (45) കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇവരുടെ പരിശോധനാഫലം കഴിഞ്ഞ ഒന്നിന് നെഗറ്റീവായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 3 മുതലാണ് ലിന്റയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവായത് ആശങ്കയ്ക്കും വഴിവെച്ചു.
എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. കൊവിഡ് നെഗറ്റീവായാലും ട്രൂനാറ്റ് പരിശോധനയില്‍ ഒരു മാസത്തോളം വൈറസ് സാന്നിധ്യം കാണിക്കാനിടയുണ്ടെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി. മക്കള്‍: ഗ്ലെന്‍, ലിയാന.