പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പിയുടെ കൊടി കെട്ടുന്ന ദൃശ്യം പുറത്തുവന്നു. എന്നാല്‍ ആരാണ് കൊടി കെട്ടിയതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ കുറിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ശനിയാഴ്ച രാവിലെ 7.45 നാണ് കൊടി കെട്ടിയത്. എന്നാല്‍ ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നഗരസഭയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കൊടി കെട്ടിയ ആളെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.
നഗരസഭ കൗണ്‍സില്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നഗരസഭ വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയില്‍ ബിജെപി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. വിവരമറിഞ്ഞതിന് പിന്നാലെ കണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരെത്തി.
പിന്നാലെയെത്തിയ പൊലീസ് കൊടി അഴിച്ചുമാറ്റി. കെഎസ് യുവും ഡിവൈഎഫ്ഐയും പ്രതിഷേധവുമായെത്തി. പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി സംരക്ഷണ വലയം തീര്‍ത്തായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിമയില്‍ കൊടി പുതപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.