ചാലക്കുടി: ശൈശവ വിവാഹം നടന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പാടെ ശുചിമുറിയില്‍ കയറി ഞരമ്പ് മുറിച്ച് വരന്റെ ആത്മഹത്യാശ്രമം. സിത്താര നഗര്‍ പണിക്കാട്ടില്‍ വിപിനാണ് (32) പിടിയിലായത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം വിപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
മാടായിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് വിപിന്‍ വിവാഹം ചെയ്തത്. 17 വയസ് മാത്രമായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. അതേസമയം, താന്‍ പീഡനത്തിന് ഇരയായതായി പിന്നീട് പെണ്‍കുട്ടി പോലീസിനു മൊഴി നല്കി. ഇതോടെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. എലിഞ്ഞിപ്രയില്‍ ഇന്നലെ 10 ന് നടന്ന വിവാഹത്തെ തുടര്‍ന്നായിരുന്നു നാടകീയ രംഗങ്ങള്‍ അറങ്ങേറിയത്. പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ തനിക്കു ശുചിമുറിയില്‍ പോകണമെന്ന് യുവാവ് അറിയിച്ചു.
പുറത്ത് പോലീസ് കാവല്‍ നില്ക്കുമ്പോള് ക്ഷേത്രത്തിനു പിന്നിലെ ശുചിമുറിയില്‍ വച്ച് ഇയാള്‍ ഞരമ്പ് മുറിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ പോലീസ് ബലമായി വാതില്‍ തുറന്നപ്പോഴാണ് ചോരയില്‍ കുളിച്ച് അവശനിലയില്‍ വിപിനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയും യുവാവിന്റെ മാതാപിതാക്കളും ബന്ധുവും കേസില്‍ പ്രതികളാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പ്രതികരിച്ചു.