കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി നീങ്ങിയ കാര്‍ പടിക്കെട്ടു നിരങ്ങിയിറങ്ങി. തളിയില്‍ക്കോട്ടയ്ക്കു സമീപമാണ് അപകടം നടന്നത്. നഗരത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ പെരുമ്പാവൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടില്‍ക്കവല – തളിയില്‍ക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു ഇവര്‍. വഴി തെറ്റിയെന്നു സംശയം തോന്നിയപ്പോള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി.
ഗൂഗിള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങി. തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിനു സമീപം കൊശവളവ് ഭാഗത്തേക്കു കാല്‍നടയാത്രക്കാര്‍ മാത്രം പോകുന്ന ഇടവഴിയിലൂടെ കാര്‍ നീങ്ങി ഇതു കണ്ട നാട്ടുകാര്‍ നടയുണ്ടെന്ന് വിളിച്ചു പറഞ്ഞെങ്കിലും ഗ്ലാസ് ഇട്ടിരുന്നതു കാരണം കേട്ടില്ല.
നടകള്‍ കണ്ട് പെട്ടെന്നു നിര്‍ത്താന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിരങ്ങിനീങ്ങി. കാറിനും യാത്രക്കാര്‍ക്കും പ്രശ്നങ്ങളില്ല. രാത്രി ക്രെയിന്‍ ഉപയോഗിച്ചു കാര്‍ പുറത്തെടുത്തു.