ഏഴു വര്‍ഷമായി സ്വന്തമായി ഷര്‍ട്ടും പാന്റും വാങ്ങിയിട്ടെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ച എഴുത്തുകാരന് പുതുവത്സര സമ്മാനമായി ലഭിച്ചത് വിലകൂടിയ പുതിയ ഷര്‍ട്ട്. ‘നീലച്ചടയന്‍’ എന്ന കഥാസമാഹാരത്തിലൂടെ പ്രശസ്തനായ യുവ സാഹിത്യകാരന് അഖില്‍ കെ. ആണു ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ആ പുതുവര്‍ഷ സമ്മാനം ലഭിച്ചയാള്‍.
നാലു ദിവസം മുന്‍പാണു പഴയ ഡ്രസ് വേണേല്‍ ചോദിക്കണമെന്നൊരു പോസ്റ്റിനു താഴെ താന്‍ 7 വര്‍ഷമായി ഷര്‍ട്ട് വാങ്ങിയിട്ടെന്ന് അഖില്‍ കമന്റിട്ടത്. ഇതു കണ്ടൊരാള് അഖിലിന്റെ വീട്ടു വിലാസം ചോദിച്ചു വാങ്ങുകയും പുതുപുത്തന്‍ ഷര്‍ട്ട് പാഴ്സല്‍ ആയി അയച്ചു കൊടുക്കുകയുമായിരുന്നു.
പുതുവര്‍ഷാരംഭമായ ഇന്നു രാവിലെയാണു വീട്ടില്‍ പാഴ്സല്‍ എത്തിയത്. ജെസിബി ഡ്രൈവറായ അഖില്‍ ആ സമയത്തു ജോലി സ്ഥലത്തായിരുന്നു. വീട്ടുകാരാണു പാഴ്സല്‍ വന്ന കാര്യം വിളിച്ചറിയിച്ചത്. ജോലി കഴിഞ്ഞു വീട്ടില്‍ വന്നപ്പോഴാണ് അഖില്‍ ഷര്‍ട്ട് കാണുന്നത്.
ഒരു വര്‍ഷം മുന്‍പു വരെ മാസം 3000 രൂപ മാത്രം ശമ്പളമുള്ള ജെസിബി ക്ലീനര്‍ ജോലി ആയിരുന്നു അഖിലിന്. കോവിഡ് കാലത്താണു ഡ്രൈവറായി ജോലി കിട്ടിയതും ശമ്പളം അല്പം കൂടിയതും. വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പൈസ അനാവശ്യമായി ചെലവഴിക്കുന്നതിനേപ്പറ്റി അഖിലിനു ചിന്തിക്കാന്‍ കൂടി കഴിയുകയില്ലായിരുന്നു.
അധികം ദൂരേക്കു യാത്രകളൊന്നും പോകാറില്ലാത്തിനാല് ഷര്‍ട്ടും പാന്റും വാങ്ങി അനാവശ്യമായി പൈസ കളയേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. ഒരു പാന്റ് മാത്രമാണ് അഖിലിനുള്ളത്. ജോലിയിടത്തില്‍ മുണ്ടാണു ധരിക്കുക.
അഖില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ്
”നാലഞ്ചു ദിവസം മുന്‍പു പഴയ ഡ്രസ്സ് വേണേല്‍ ചോദിക്കാന്‍ ഒക്കെ പറഞ്ഞൊരു പോസ്റ്റില്‍ – ഞാന്‍ പുതിയ ഷര്‍ട്ട് വാങ്ങിയിട്ട് 7 വര്‍ഷം ആയെന്നൊരു കമന്റിട്ടിരുന്നു. അതൊന്നും അങ്ങനെ ആരും കാണും എന്നൊന്നും വിചാരിച്ചില്ല. പക്ഷേ നാലു പേര് അതിനെക്കുറിച്ച് ഇന്‍ബോക്സില്‍ വന്നു ചോദിച്ചു. ഇന്ന് രാവിലെ വീട്ടില്‍ എന്തോ കവര്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു വിളിച്ചു. വന്നു നോക്കിയപ്പോള്‍ ഇതാണ്. അതിന്റെ പ്രൈസ് ടാഗ് കണ്ടപ്പോള്‍ ആണു കരച്ചില് വന്നത്. അവസാനം കടയില്‍ പോയി ഡ്രസ്സ് എടുത്തത് നാലു വര്‍ഷം മുന്‍പ് ഒരു പാന്റ് വാങ്ങിയതാണ്. അന്ന് ഇനി ഒരു അഞ്ച് വര്‍ഷത്തേക്ക് വേറൊരെണ്ണം വാങ്ങാന്‍ ചാന്‍സില്ലെന്ന് അറിയാവുന്നത് കൊണ്ട് നല്ല ക്വാളിറ്റി ഉള്ള ഒരെണ്ണം വാങ്ങാം എന്നോര്‍ത്ത് വലിയ വിലയുള്ളത് വാങ്ങി. അതു പോലും 1200ന്റേതാരുന്നു. അതിപ്പോഴും പുത്തന്‍ പോലെ തന്നെ ഉപയോഗിച്ചോണ്ടിരിക്കുന്നു. അതൊരെണ്ണം തന്നെ ആഡംബരം ആണ്. തേങ്ങ പത്തരച്ചിട്ടെന്തു കാര്യം താളല്ലേ കറി. അങ്ങനെ ന്യൂ ഇയര്‍ കളര്‍ ആക്കി തന്നത് ഇന്നലെ ബിപിന്‍ ചേട്ടനാണ്. ഇന്ന് രാവിലെ Leena ചേച്ചിയും – ആകെ ഇന്‍ബോക്സില്‍ ഒരു തവണ മാത്രമേ സംസാരിച്ചിട്ടുള്ളൂ. അതിനു പകരം തന്നത് ഒരു ആയുഷ്കാലത്തിന്റെ മുഴുവന്‍ സ്നേഹവും.
.
ഷേര്‍ട്ട് വാങ്ങാറില്ലെന്ന് പറഞ്ഞതിന് ഷേര്‍ട്ട് ഇല്ലെന്ന് അര്‍ത്ഥമൊന്നുമില്ല. പണി എടുക്കുന്ന വീട്ടില്‍ വണ്ടീടെ ഓണറിനു ചെറുപ്പക്കാരു ചേട്ടന്മാരു മക്കളായുണ്ടേല് അവരുടെ പഴേതൊക്കെ കെട്ടുകണക്കിന് കൊണ്ടു വരും. അതു മനസ്സിലായപ്പോള്‍ ഒരു പ്രാവശ്യം വിപി പുതിയതു വാങ്ങിച്ചു തന്നിരുന്നു. ഹര്ഷേട്ടന് ടീ ഷര്‍ട്ട് വാങ്ങിച്ചു തന്നു. കാവ്യേച്ചി കല്ല്യാണത്തിനു ഷര്‍ട്ടെടുത്ത് തന്നിരുന്നു. എനിക്കറിയാത്ത പല കാര്യങ്ങളില്‍ ഒന്നാമതെണ്ണാവുന്ന ഒന്നാണ് എന്റെ ഡ്രസ്സിന്റെ അളവ്. ഷര്‍ട്ടെന്ന് പറയുമ്പോള്‍ ന്റെ സങ്കല്‍പ്പത്തില്‍ അതിന്റെ വില മാക്സിമം 500 ആണ്. ലൈം സോഡ കുടിക്കാന്‍ കടയുടെ മുന്നില്‍ നിര്‍ത്തി വേണോ വേണ്ടയോന്ന് രണ്ട് പ്രാവശ്യം ആലോചിച്ച്, ഉച്ചക്കത്തെ പൈസ ലാഭിക്കാന്‍ വീട്ടീന്ന് ഫുഡ് കൊണ്ടു പോയി, 11 മണിക്കത്തെ ചായ കുടി ഒഴിവാക്കി, രാവിലെ 6നു വീട്ടിന്ന് കഴിച്ച് ഇറങ്ങിയാല്‍ രാത്രി 7നു വന്നിട്ട് ഫുഡ് കഴിക്കുന്ന എനിക്ക് 1,600 എന്നൊക്കെ കേട്ടാല്‍ നെഞ്ചു വേദന വരേണ്ടതാണ്. പക്ഷേ, ആപത്തൊന്നും പറ്റിയിട്ടില്ല. പൈസ ഒന്നാമതല്ലായിരിക്കും, ഒരുപക്ഷേ, അതിനും മുകളിലായിരിക്കും സ്നേഹം….. അറിയില്ല”.