ആലത്തൂര്‍: ഹരിതയെ തങ്ങള്‍ക്ക് ഉള്ളതുകൊണ്ട് പോറ്റുമെന്ന് ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ മാതാപിതാക്കള്‍. അനീഷിന്റെ ആത്മാവിന് നീതികിട്ടുംവരെ ഞങ്ങളെ വിട്ടുപോകില്ലെന്നാണ് ഹരിതയുടെ തീരുമാനമെന്നും അതിനൊപ്പം ഞങ്ങള്‍ നില്‍ക്കുമെന്നും കൊല്ലപ്പെട്ട അനീഷിന്റെ അച്ഛന് ആറുമുഖനും അമ്മ രാധയും പറയുന്നു.
ഉള്ളതുകൊണ്ട് ആ കുട്ടിയെ മകളെപ്പോലെ പോറ്റും. ബി.ബി.എ. പഠനം പൂര്‍ത്തിയാക്കി ജോലിയാക്കണം. അതിന് സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നു. ഹരിതയുടെ കുടുംബത്തിലെ സ്വത്ത് തങ്ങള്‍ക്ക് വേണ്ടെന്നും അതൊന്നും തങ്ങള്‍ നോക്കിയിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തേങ്കുറിശ്ശി അനീഷ് കൊലപാതക കേസില്‍ പ്രതികള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. വിവാഹത്തിലുള്ള എതിര്‍പ്പ് മൂലമാണ് കൊലപാതകം എന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായെന്നും പ്രതികള്‍ പറഞ്ഞിരുന്നു.
എന്നാല്‍ അത്തരം പ്രകോപനങ്ങളുണ്ടായിട്ടില്ലെന്നും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും അനീഷിന്റെ അച്ഛന് പറഞ്ഞു. അനീഷിനെ കള്ളക്കേസില്‍ കുടുക്കാനടക്കം ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍ ശ്രമിച്ചുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് വരെ അയച്ചുവെന്നാണ് അനീഷിന്റെ അമ്മ പറയുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും പ്രഭുകുമാരിന്റെ അച്ഛന് കുമരേശന്‍ പിള്ളയ്ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടൈന്നും അനീഷിന്റെ അച്ഛന് ആരോപിക്കുന്നു.
സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും കൃത്യമായി ആരോ വിവരം നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും അനീഷിന്റെ അച്ഛന് ആറുമുഖന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അനീഷിന്റെ ബന്ധുക്കള്‍ സംശയിക്കുന്നു.