ഹരിപ്പാട്: നഗരത്തില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അന്നമെത്തിച്ച് നല്കി ഒരു മാലാഖ. വെട്ടുവേനി ഷെഖ്നാസില് ഷിനി തോമസാണ് നഗരത്തില്‍ പലയിടങ്ങളിലായി അന്തിയുറങ്ങുന്നവര്‍ക്കു രണ്ടുനേരം ഭക്ഷണംകൊടുക്കുന്ന നഴ്സമ്മ. ഹരിപ്പാട്ടെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രത്തില്‍ നഴ്സാണ് ഷിനി.
ഷിനി തോമസ് 11 വര്‍ഷമായി ഗള്‍ഫിലായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയപ്പോള്‍ കോവിഡ് വൊളന്റിയറായി. ഇപ്പോള്‍ അഞ്ചുമാസമായി കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രത്തില്‍ ജോലി ചെയ്യുന്നു.
ദേശീയപാതയോരത്ത് മാധവാ ജങ്ഷനില്‍ കോവിഡ് ആശുപത്രി തുറന്നപ്പോള്‍ ധാരാളം ഭക്ഷണപ്പൊതികളാണ് മിച്ചംവന്നത്.
ജോലികഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ത കടത്തിണ്ണയില്‍ കഴിയുന്നവരെ ഷിനി കാണുന്നുണ്ടായിരുന്നു. അങ്ങനെയാണ് അവരില്‍ ചിലര്‍ക്കെങ്കിലും ഭക്ഷണംനല്കാന് ശ്രമം തുടങ്ങിയത്. ആദ്യം കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുവരുന്ന പൊതികള്‍ മാറ്റിവെക്കുകയായിരുന്നു.
ഇപ്പോള്‍ ചിലര്‍ പതിവായി ഭക്ഷണം എത്തിച്ചുകൊടുക്കുകയാണ്. ഷിനി അതെല്ലാംചേര്ത്ത് കൃത്യമായി വിതരണംചെയ്യുന്നു. ഭക്ഷണം നല്‍കുന്നതിനൊപ്പം അവരോടു മനസ്സുതുറന്ന് ചിരിച്ചുകൊണ്ട് സംസാരിക്കും. തമാശപറയും. മിണ്ടാനുംപറയാനും ആരുമില്ലാത്തതിന്റെ സങ്കടംമറന്ന് അവര്‍ വിശേഷങ്ങള്‍ പങ്കുവെക്കും.
അവര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്നുകൂടി ഉറപ്പിച്ചാണു മടങ്ങുന്നത്. ഗള്‍ഫില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരുന്നതിനാല് അഞ്ചാംക്ലാസുകാരിയ മകള്‍ക്കൊപ്പം അവിടെ പിടിച്ചുനില്ക്കാന് കഴിയില്ലെന്നു മനസ്സിലായപ്പോഴാണു മാര്‍ച്ച് ആദ്യം നാട്ടിലേക്കു മടങ്ങിയത്.
20 വര്‍ഷത്തിലധികമായി അടച്ചിട്ടിരുന്ന സ്വകാര്യ ആശുപത്രി കോവിഡ് ചികിത്സാകേന്ദ്രമാക്കുന്നതറിഞ്ഞ് അവിടെ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങി. മുറികള്‍ വൃത്തിയാക്കി. മാലിന്യങ്ങള്‍ നീക്കംചെയ്തു. ഭിത്തികളില്‍ ചായംപൂശി. പിന്നീട്, അവിടെത്തന്നെയാണ് നഴ്സായി ചേര്‍ന്നത്.
കുളിയും നനയുമില്ലാതെ തെരുവില്‍ കഴിയുന്നവരില്‍ പലരും വീടുംവീട്ടുകാരും ഉള്ളവരാണ്. ഉറ്റവര്‍ക്ക് അവരെ വേണ്ടെന്നുമാത്രം. അങ്ങനെയുള്ളവര്‍ക്കു സുരക്ഷിതമായൊരിടമാണ് ഷിനിയുടെ സ്വപ്നം. ക്രിസ്മസ് ദിനത്തില്‍ ആ പ്രാര്‍ഥനയോടെയാണ് തെരുവില്‍ ഭക്ഷണപ്പൊതിയുമായെത്തുകയെന്നും ഷിനി പറഞ്ഞു.