തിരുമിറ്റക്കോട് : ബേക്കറിക്ക് തീപിടിച്ച് സാധനങ്ങളെല്ലാം കത്തിനശിച്ചു. കറുകപുത്തൂര്‍ അങ്ങാടിയിലെ ഫേയ്മസ് ബേക്കറിയിലാണ് തീപടര്ന്നുകയറിയത്. ഇരുനിലകളുള്ള ബേക്കറിയുടെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെ തീപിടിച്ചത്.
തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം മുപ്പത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി ബേക്കറിയുടമ ചാലിശ്ശേരി പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ പ്രാഥമിക കാരണമായി കണക്കാക്കുന്നത്.
മലപ്പുറം സ്വദേശി ഗഫൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. രാവിലെ നഗരത്തിലെത്തിയ കച്ചവടക്കാരും യൂണിയന് തൊഴിലാളികളുമാണ് ബേക്കറിയുടെ ഉള്ളില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. ഷട്ടര്‍ അടച്ചിട്ടിരുന്നതിനാല്‍ അഗ്നിബാധയുടെ വ്യാപ്തി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് കടയുടമ സ്ഥലത്തെത്തി തുറന്നു. ഉടന്‍തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്ന ഡ്രൈവര്‍മാരും കച്ചവടക്കാരും ചേര്‍ന്ന് തീകെടുത്താല്‍ തുടങ്ങി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ സമീപത്തുള്ള കച്ചവടസ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. ഷൊര്‍ണൂരില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനയും ചാലിശ്ശേരി പോലീസും സ്ഥലത്തെത്തി.