പാലക്കാട്: പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് പുതുപുത്തന്‍ ആപ് ഒരുക്കി കെഎസ്ആര്‍ടിസി. ബസിന്റെ റൂട്ടും സമയവും സ്ഥലവും അറിയാന്‍ ഇനി മുതല്‍ ഡിപ്പോയിലേക്ക് ഫോണ്‍ ചെയ്തു ചോദിക്കേണ്ട, ഫോണില്‍ നോക്കിയാല്‍ മതി. പുതുവര്‍ഷ സമ്മാനമായാണ് കെഎസ്ആര്‍ടിസി പുതിയ ആപ്ലിക്കേഷന്‍ ഒരുക്കുന്നത്.
ബസിന്റെ റൂട്ട്, സ്റ്റോപ്പ് അടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കുന്ന ആപ് കെഎസ്ആര്‍ടിസി പുതുവര്‍ഷത്തില്‍ പുറത്തിറക്കും. പ്രാദേശിക റൂട്ടുകളടക്കം വ്യക്തമാക്കുന്ന ആപ് അണിയറയില്‍ പുരോഗതിയിലാണ്. ഒപ്പം ബസ് സര്‍വീസില്‍ ജിപിഎസും ഘടിപ്പിക്കും.
ഇതിലൂടെ, ബസ് എവിടെ എത്തി എന്നതുള്‍പ്പെടെ യാത്രക്കാര്‍ക്ക് അറിയാനാകും. ഭാവിയിലെ സര്‍വീസുകള്‍ കൂടി മുന്നില്‍ കണ്ട് ജില്ലയില്‍ നിലവില്‍ ബസ് ഉള്ളതും ഇല്ലാത്തതുമായ എല്ലാ റൂട്ടുകളും ആപ്പില്‍ ഉള്‍ക്കൊള്ളിക്കാനായി അടയാളപ്പെടുത്തിത്തുടങ്ങി.
ജനുവരിയില്‍ പുതിയ ആപ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ‘എന്റെ കെഎസ്ആര്‍ടിസി’ ആപ് വഴി ടിക്കറ്റ് ബുക്കിങ്ങും സാധ്യമാകുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടിഎ ഉബൈദ് അറിയിച്ചു.
അതേസമയം, ഇന്നു മുതല്‍ അധിക സര്‍വീസുകള്‍ തുടങ്ങുമെന്ന് ഉറപ്പു നല്കി കെഎസ്ആര്‍ടിസി അധികൃതര്‍. കണ്ണൂരില്‍ നിന്നുള്ള വിരാജ്പേട്ട് സര്‍വീസ് ഉള്‍പ്പെടെ നാളെ ആരംഭിക്കും. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 4 ജില്ലകളിലും ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 2 ജില്ലകളിലുമായി പരിമിതപ്പെടുത്തി സര്‍വീസ് നടത്തണമെന്ന നിര്‍ദേശത്തിനു മാറ്റമുണ്ടാകും. ബൈറൂട്ടുകളില്‍ നിന്ന് വരുന്നതും ബൈ റൂട്ടുകളിലേക്ക് പോകുന്നതുമായ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് ഇനി നിബന്ധനകള്‍ ബാധകമാകില്ല.
പ്രവര്‍ത്തി ദിനങ്ങളില്‍ ജില്ലയിലെ ചില മേഖലകളില്‍ ബസ് സര്‍വീസ് കുറവായതിനാല്‍ ഗതാഗത പ്രശ്നമുണ്ടായിരുന്നു.വെള്ളിയാഴ്ച മുതല്‍ എല്ലാ സര്‍വീസുകളും ആരംഭിക്കണമെന്നു കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് അധികമായി ഓടിയതു 100 സര്‍വീസുകള്‍ മാത്രമാണ്. ആകെ ഓടിയത് 2800 ബസുകള്‍.