വാളയാര്‍: ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈയിലേക്കു മദ്യലോഡുമായി പോയ ലോറികള്‍ വാളയാര്‍ എക്സൈസ് ചെക്പോസ്റ്റിനു മുന്നില്‍ പരിശോധനയ്ക്ക് നിര്‍ത്തുന്നതിനിടെ, പിന്നിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു.
ടിപ്പറിലെ സഹഡ്രൈവര്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ താണിക്കപ്പറമ്പ് തിരുവഞ്ചിക്കുളം വീട്ടില്‍ രാജന്റെ മകന് രാജേഷ് (34), മദ്യലോഡ് കയറ്റിയ ലോറിയിലെ ഡ്രൈവര്‍ തമിഴ്നാട് വീരരാജപ്പെട്ടി ഷണ്മുഖന്റെ മകന് കുളന്തവേല്‍(43) എന്നിവരാണു മരിച്ചത്.
ടിപ്പര്‍ ഓടിച്ചിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അഭിജിത്ത്(34), മറ്റൊരു ലോറിയിലെ ഡ്രൈവര്‍ കോയമ്പത്തൂര്‍ ഉക്കടം സ്വദേശി ബാലന്(41) എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 2.30നായിരുന്നു അപകടം. ടിപ്പര്‍ ആദ്യം ഇടിച്ചു കയറിയ ലോറി ആഘാതത്തില്‍ മുന്നോട്ടു നീങ്ങുകയും അതു മുന്‍വശത്തെ ലോറിയിലിടിക്കുകയും ചെയ്തു.
ഇവയ്ക്കിടയില്‍ കുടുങ്ങിയാണു ഡ്രൈവര്‍ കുളന്തവേല്‍ മരിച്ചത്.കഞ്ചിക്കോട് അഗ്നിരക്ഷാസേന ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് ടിപ്പര്‍ ലോറിയിലും ചരക്ക് ലോറിയിലും കുടുങ്ങിയവരെ പുറത്തെടുത്തത്. സുധിയാണ് മരിച്ച രാജേഷിന്റെ ഭാര്യ. മകന്:അദ്വൈത്.
2 ഡ്രൈവര്‍മാരുടെ മരണത്തിനിടയാക്കിയ അപകട കാരണം ടിപ്പര്‍ ലോറിയുടെ അമിത വേഗമാകാമെന്ന് മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എ.സഹദേവന്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സംഘം സ്ഥലത്ത് പരിശോധന നടത്തി ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. അപകടത്തിനിടയാക്കിയ ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടില്ല.
ദേശീയപാതയില്‍ ഈ മേഖലയിലെ ചെറിയ വളവും അപകട തീവ്രത കൂട്ടി. രാത്രി ഒന്നു മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ ട്രോമകെയര്‍ വൊളന്റിയര്‍മാരുടെ സേവനം വാളയാറിലെത്തിക്കുമെന്നും ആര്‍ടിഒ വി.എ.സഹദേവന് പറഞ്ഞു.