ചേര്‍ത്തല: അപ്രതീക്ഷിതമായി കൈയില്‍വന്ന 75 ലക്ഷം രൂപയുടെ ഭാഗ്യം ഉടമയെ തിരിച്ചേല്‍പ്പിച്ച് യുവതിയുടെ സത്യസന്ധതയ്ക്ക് കൈയ്യടിച്ച് ഒരു നാട്. ഡിസംബര്‍ എട്ടിനു നറുക്കെടുത്ത, സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമാണ് ഒരുസ്ത്രീയുടെ സത്യസന്ധതയില്‍ യഥാര്‍ഥ ഭാഗ്യവാനിലേക്കെത്തിയത്.
പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പാറയില്‍ രഞ്ജുഭവനില്‍ രഞ്ജുരത്തിനെ തേടിയാണ് ലോട്ടറിയുടെ ഒന്നാംസമ്മാനത്തിന്റെ രൂപത്തില്‍ ഭാഗ്യദേവതയെത്തിയത്. മുഹമ്മ ഷാപ്പുകവലയില്നിന്നാണ് രഞ്ജു ലോട്ടറി ടിക്കറ്റെടുത്തത്. വെല്‍ഡിങ് തൊഴിലാളിയായ രഞ്ജു ജോലിയുടെ ഭാഗമായെത്തിയപ്പോഴാണു ടിക്കറ്റെടുത്തത്.
പിറ്റേന്നത്തെ ജോലി ചേര്‍ത്തല ശക്തീശ്വരം കവലയില്‍. അവിടെ ജോലിക്കിടയില്‍ ചായകുടിക്കാനെത്തിയപ്പോഴാണു കടയിലെ ജീവനക്കാരിയായ പരിചയക്കാരി യുവതിയെക്കണ്ടത്. നിലവില്‍ കഞ്ഞിക്കുഴിയിലാണു താമസമെങ്കിലും ഇവരുടെ കുടുംബവീട് പാറയില്‍ ഭാഗത്താണ്.
ടിക്കറ്റിന്റെ ഫലം നോക്കാന്‍ രഞ്ജു ടിക്കറ്റ് യുവതിയെ ഏല്‍പ്പിച്ചു. ഒരുദിവസം കഴിഞ്ഞപ്പോള്‍ ടിക്കറ്റിന്റെ കാര്യം രണ്ടുപേരും മറന്നു. മൂന്നാംദിവസം യുവതി ഫലം നോക്കിയപ്പോഴാണ് എസ്.എം. 864192 നമ്പരിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 75 ലക്ഷം രൂപ അടിച്ചതായറിഞ്ഞത്.
75 ലക്ഷം കൈയിലായിട്ടും ആ മനസ്സ് ഇളകിയില്ല. ഉടനടി ടിക്കറ്റുടമയെ വിളിച്ചു. രഞ്ജുവെത്തി ടിക്കറ്റ് ഏറ്റുവാങ്ങി. നന്ദി പറയാന്‍ വാക്കുകളില്ലായിരുന്നു. ‘ഇക്കാലത്തും ഇത്രയും നന്മയും സത്യവുമുള്ളവരുണ്ടല്ലോ’ എന്നായിരുന്നു 26-കാരനായ രഞ്ജുവിന്റെ പ്രതികരണം.
ഇത്രവലിയ സത്യസന്ധത കാട്ടിയിട്ടും ക്യാമറയ്ക്കു മുന്പില് വരാനോ പേരു പ്രസിദ്ധപ്പെടുത്താനോ യുവതി തയ്യാറായില്ല. സമ്മാനാര്‍ഹമായ ടിക്കറ്റ് രഞ്ജു വെട്ടക്കല്‍ സഹകരണബാങ്കിലെത്തി സെക്രട്ടറി എസ്. ഗംഗപ്രസാദിനെ ഏല്‍പ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം എം.എസ്. സുമേഷിന്റെ സാന്നിധ്യത്തിലാണ് ടിക്കറ്റ് കൈമാറിയത്.