തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പില്‍ പിന്നോട്ടുപോയതിന് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ് തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പ്രധാന കാരണമെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പ്രതികരിച്ചു. കോണ്‍ഗ്രസ് പുനസംഘടന പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും ജംബോ കമ്മറ്റികളെക്കുറിച്ച് പുനപരിശോധിക്കണമെന്നും കണ്ണൂര്‍ എംപി പറഞ്ഞു.
ജോസ് കെ മാണി യുഡിഎഫ് വിട്ടുപോകാനിടയായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്ന് തുറന്നടിച്ച് കെപിസിസി വക്താവ് അനില്‍ ബോസ് രംഗത്തെത്തി. കോണ്‍ഗ്രസിന് ആവശ്യമായിടത്ത് ശസ്ത്രക്രിയ വേണമെന്ന് ടിഎന്‍ പ്രതാപന് എംപി പ്രസ്താവന നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട തോല്‍വിയെ സംബന്ധിച്ച് വിശദമായി പരിശോധിക്കും. പരാജയത്തെ ഗൗരവമായി തന്നെ കാണും. സര്‍ജറി ചെയ്യേണ്ടിടത്ത് സര്‍ജറി തന്നെ ചെയ്യണം. തെരഞ്ഞെടുപ്പ് ഫലത്തെ ഗൗരവമായി കാണുന്നു. ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂയെന്നും പ്രതാപന് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതാപന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലും ഇത്തവണ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത് യുഡിഎഫിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.