തൃശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ സിറ്റിംഗ് സീറ്റില്‍ വമ്പന്‍ തോല്‍വിയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി. ഗോപാലകൃഷ്ണന് ഏറ്റുവാങ്ങിയത്. 241 വോട്ടിനാണ് ഗോപാലകൃഷ്ണന് തോറ്റത്. വോട്ടുകള്‍ എണ്ണി തുടങ്ങിയ സമയം മുതല്‍ കുട്ടന്‍കുളങ്ങരയില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണന് ലീഡ് നേടാനായിരുന്നില്ല.
തോല്‍വി നേരിട്ടതിന് പിന്നാലെ ഗോപാലകൃഷ്ണനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ‘ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര് വരും, കരയുമ്പോള്‍ കൂടെക്കരയാന്‍ നിന് നിഴല്‍ മാത്രം വരും ‘ എന്നായിരുന്നു ഗോപാലകൃഷ്ണനെ ട്രോളിക്കൊണ്ട് സ്വാമി സന്ദീപാനന്ദ ഗിരി കുറിച്ചത്.
കരയുന്ന ഒട്ടകത്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു ഫേസ്ബുക്കില്‍ സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്. ബി ഗോപാലകൃഷ്ണന്റെ തോല്‍വി വാര്‍ത്തയിലിടം നേടിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
തൃശൂരിലെ സീറ്റില്‍ നേരത്തെ ബി ഗോപാലകൃഷ്ണന് വലിയ വിജയം നേടുമെന്ന് ബിജെപി പാളയങ്ങള്‍ അവകാശപ്പെട്ടിരുന്നു. അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയതോടെ ബി ഗോപാലകൃഷ്ണനെതിരെ ട്രോളന്മാരും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം തോല്‍വിയ്ക്ക് കാരണം സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ വോട്ടുകച്ചവടമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് പറഞ്ഞു.
തൃശൂര്‍ കോര്‍പറേഷനില്‍ ഗോപാലകൃഷ്ണന് വരാന്‍ പാടില്ല ലക്ഷ്യത്തോടെ ഇരുപാര്‍ട്ടികളും സംഘടിത അട്ടിമറി നടത്തിയെന്ന് ഗോപാലകൃഷ്ണന് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സിപിഐഎം ജില്ലാ നേതൃത്വം ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. ഇയാള്‍ ജാതീയ വേര്‍തിരിവുണ്ടാക്കി. തോറ്റെങ്കിലും താന്‍ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളുമായി തൃശൂരില്‍ തന്നെയുണ്ടാകുമെന്നും ബിജെപി സംസ്ഥാന നേതാവ് പറഞ്ഞു.